ഉത്തരസൂചികകൾ പ്രസിദ്ധീകരിച്ചു
എൻ.എം.എം.എസ് 2022 മാറ്റ് (MAT), സാറ്റ് (SAT) പരീക്ഷകളുടെ താത്കാലിക ഉത്തരസൂചികകൾ www.pareekshabhavan.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
മോഡേൺ ഹയർ സർവെ കോഴ്സ്
തിരുവനന്തപുരം ഐ.എൽ.ഡി.എം കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സർവെയും ഭൂരേഖയും വകുപ്പിന്റെ ട്രെയിനിങ് സെന്ററായ സർവെ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, കേരളയിൽ (STI-K) മോഡേൺ ഹയർ സർവെ (Total Station & GPS) കോഴ്സ് ആരംഭിക്കും. ഐ.ടി.ഐ സർവെ/ സിവിൽ ചെയിൻ സർവെ, വി.എച്ച്.എസ്.ഇ സർവെ കോഴ്സുകൾ വിജയിച്ചവർക്ക് അപേക്ഷിക്കാം.
15,000 കുട്ടികൾക്കുള്ള ലിറ്റിൽ കൈറ്റ്‌സ് ഉപജില്ലാ ക്യാമ്പുകൾ നാളെ മുതൽ
സംസ്ഥാനത്തെ ഹൈസ്‌കൂളുകളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിലെ അംഗങ്ങൾക്കായി കേരളാ ഇൻഫ്രാസ്ട്രക്ചർ & ടെക്‌നോളജി ഫോർ എജ്യൂക്കേഷൻ(കൈറ്റ്) നടത്തുന്ന രണ്ടുദിവസത്തെ ഉപജില്ലാ ക്യാമ്പുകൾ ഡിസംബർ 26 മുതൽ 31 വരെ സംസ്ഥാനത്തെ 258 കേന്ദ്രങ്ങളിൽ നടക്കും. ലഹരിവിരുദ്ധ ആശയം കുട്ടികളിലേക്ക് എത്തിക്കുന്നതിന് സഹായിക്കുന്ന ഗെയിമുകൾ തയാറാക്കുന്ന പ്രവർത്തനങ്ങളാണ് ഈ വർഷത്തെ ക്യാമ്പിന്റെ പ്രത്യേകത. ലഹരിയുടെ പിടിയിൽപെടാതെ കുട്ടിയെ സുരക്ഷിതയായി വീട്ടിൽ എത്തിക്കുന്ന കമ്പ്യൂട്ടർ ഗെയിം, പ്രോഗ്രാമിങ് സോഫ്റ്റ്‌വെയറായ ‘സ്‌ക്രാച്ച്’ ഉപയോഗിച്ച് കുട്ടികൾ തയാറാക്കും. ലഘു കഥകളെ അടിസ്ഥാനമാക്കിയുള്ള അനിമേഷനുകൾ ഓപ്പൺടൂൺസ് എന്ന സോഫ്റ്റ്‌വെയറിൽ അനിമേഷൻ വിഭാഗത്തിലെ കുട്ടികളും തയാറാക്കും. ഫിഫ ലോകകപ്പിന്റെ ആവേശം ഉൾക്കൊണ്ട് കുട്ടികൾക്കായി സ്‌ക്രാച്ചിൽ തയാറാക്കിയ കമ്പ്യൂട്ടർ ഗെയിം, ഉപയോഗിച്ചുള്ള ‘ഗോളടിക്കാം’ എന്ന മത്സരവും ഉൾപ്പെടുത്തിയിട്ടുണ്ട്. പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ക്യാമ്പിലെ പരിശീലനവും പ്രവർത്തനങ്ങളും.
സംസ്ഥാനത്തെ 2045 സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളിൽ 64159 അംഗങ്ങളാണുള്ളത്. സ്‌കൂൾതല ക്യാമ്പിൽ മികവ് തെളിയിച്ച 15000 കുട്ടികളാണ് ഉപജില്ലാ ക്യാമ്പുകളിൽ പങ്കെടുക്കുന്നത്. ഓരോ യൂണിറ്റിൽ നിന്ന് പ്രോഗ്രാമിങ്, അനിമേഷൻ വിഭാഗങ്ങളിൽ നാലുവീതം കുട്ടികളെയാണ് ഉപജില്ലാ ക്യാമ്പിന് തെരഞ്ഞെടുത്തിരിക്കുന്നത്. ലിറ്റിൽ കൈറ്റ്‌സ് റവന്യൂജില്ലാ ക്യാമ്പിലേക്കുള്ള തെരഞ്ഞെടുപ്പും ഉപജില്ലാ ക്യാമ്പിൽ നടക്കും. ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് റോബോട്ടിക്‌സിലും ത്രീഡി അനിമേഷനിലും പ്രത്യേക പരിശീലനം നൽകുമെന്ന് കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത് അറിയിച്ചു.
ആൻഡ്രോയ്ഡ് ആപ്പുകൾ തയാറാക്കാൻ സഹായിക്കുന്ന ഓപ്പൺസോഴ്‌സ് സോഫ്റ്റ്‌വെയറായ ആപ്പ് ഇൻവെന്റർ ഉപയോഗിച്ചുള്ള മൊബൈൽ ഗെയിം, നല്ല ആരോഗ്യ ശീലങ്ങൾ മാറിമാറി നൽകുന്ന ആപ്പ് എന്നിവയുടെ നിർമാണം, ത്രീഡി അനിമേഷൻ സോഫ്റ്റ്‌വെയറായ ബ്ലെന്റർ, റ്റുഡി അനിമേഷൻ സോഫ്റ്റ്‌വെയറായ ഓപ്പൺടൂൺസ് എന്നിവ ഉപയോഗിച്ചുള്ള അനിമേഷൻ നിർമാണം, സൈബർ സുരക്ഷ സംബന്ധിച്ച ചർച്ചകൾ, അവതരണങ്ങൾ എന്നിവയാണ് ദ്വിദിന ക്യാമ്പിലെ മറ്റ് പ്രധാനപ്പെട്ട പരിശീലന പരിപാടികൾ.
മീഡിയ അക്കാദമി ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു
മാധ്യമരംഗത്തെ പഠന-ഗവേഷണങ്ങൾക്കായി കേരള മീഡിയ അക്കാദമി നൽകുന്ന 2022ലെ ഫെലോഷിപ്പിന് അർഹരായവരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തോ, കേരളത്തിൽ ആസ്ഥാനമുളള മാധ്യമങ്ങൾക്കുവേണ്ടി ഇതരനാടുകളിലോ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർക്ക് (ഇംഗ്ലീഷ്-മലയാളം) അപേക്ഷിക്കാം. പതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ നൽകും. അപേക്ഷകർ ബിരുദധാരികളും മാധ്യമരംഗത്ത് കുറഞ്ഞത് അഞ്ചു വർഷമെങ്കിലും പ്രവൃത്തിപരിചയമുള്ളവരുമായിരിക്കണം. മാധ്യമപഠനവിദ്യാർത്ഥികൾക്കും മാധ്യമപരിശീലന രംഗത്തുള്ള അദ്ധ്യാപകർക്കും അപേക്ഷിക്കാം. വിദ്യാർത്ഥികൾക്ക് പ്രവൃത്തിപരിചയം നിർബന്ധമല്ല. അപേക്ഷയും സംക്ഷിപ്ത പ്രബന്ധ സംഗ്രഹവും (സിനോപ്സിസ്) ജനുവരി 10 നകം സെക്രട്ടിറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി – 682 030 എന്ന വിലാസത്തിൽ ലഭിക്കണം.
സൂക്ഷ്മ വിഷയങ്ങൾ, സമഗ്രവിഷയങ്ങൾ, സാധാരണ വിഷയങ്ങൾ എന്നു മൂന്നായി തരംതിരിച്ചാണ് ഫെലോഷിപ്പ് നൽകുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നതിന് ഫെലോഷിപ്പ് നൽകില്ല. പട്ടികജാതി-പട്ടികവർഗ-മറ്റ് അർഹവിഭാഗങ്ങൾ, കുട്ടികൾ, സ്ത്രീകൾ, നവോത്ഥാന പ്രസ്ഥാനങ്ങളും മാധ്യമങ്ങളും എന്നീ വിഭാഗത്തിലുള്ള പഠനങ്ങൾക്കു മുൻഗണന നൽകും. പഠനങ്ങളിൽ മാധ്യമങ്ങളുടെ പങ്ക് ഉണ്ടാകണം. അപേക്ഷാഫോമും നിയമാവലിയും www.keralamediaacademy.org യിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0484-2422275.
മെരിറ്റ് സീറ്റുകളിൽ സ്പോട്ട് അലോട്ട്‌മെന്റ്
2022-23 അധ്യയന വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിന് പുതിയതായി അംഗീകാരം ലഭിച്ച കോഴിക്കോട് കെഎംസിടി നഴ്‌സിംഗ് കോളേജിലെ മെരിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിനുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് 28 ന് എൽ.ബി.എസ് ഫെസിലിറ്റേഷൻ സെന്ററുകളായ തിരുവനന്തപുരം, കളമശ്ശേരി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ രാവിലെ 10 മണിക്ക് നടക്കും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ രാവിലെ 11 മണിയ്ക്കകം നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. എൽ.ബി.എസ് നടത്തിയ മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം നേടിയ അപേക്ഷകർ നിർബന്ധമായും സ്‌പെഷ്യൽ അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ അനുവദിച്ചുകൊണ്ടുള്ള എൻ.ഒ.സി ഹാജരാക്കണം. എല്ലാ വിഭാഗക്കാർക്കും അലോട്ട്‌മെന്റിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 64.
പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2022-23 പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരുടെ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.
Thank You. Visit Again
മറുപടിഇല്ലാതാക്കൂ