ഇന്നത്തെ പ്രധാന തൊഴിൽ വാർത്തകൾ – 16/05/2023: കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ താൽക്കാലിക ഒഴിവുകൾ നികത്തുന്നതിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു. നിലവിവിലുള്ള ഇത്തരം ഒഴിവുകളിലേക്കു ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള വിശദ വിവരങ്ങളും യോഗ്യതയും കൊടുത്തിരിക്കുന്നു. നിങ്ങളുടെ യോഗ്യതക്കനുസരിച്ചുള്ള പോസ്റ്റുകളിലേക്ക് അവസാന തിയ്യതിക്ക് മുൻപ് അപേക്ഷിക്കാൻ ശ്രദ്ധിക്കുക.
ആയ തസ്തികയിൽ ഒഴിവ്
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിൽ ആയ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനായി ഏഴാം ക്ലാസ്സ് പാസ്സ് / തത്തുല്യ യോഗ്യത നേടിയ ഉദ്യോഗാർത്ഥികളിൽ നിന്നും തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസർ അപേക്ഷ ക്ഷണിക്കുന്നു. വെളളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, വിശദമായ ബയോഡേറ്റ, തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, ജാതി തെളിയിയ്ക്കുന്നതിനുളള സർട്ടിഫിക്കറ്റ് പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും, സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്കായി മെയ് 23 പകൽ 11.00 മണിയ്ക്ക് വെള്ളയമ്പലം കനകനാർ അയ്യൻകാളി ഭവനിൽ സ്ഥിതിചെയ്യുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ എത്തിചേരേണ്ടതാണ്. യോഗ്യരായ അപേക്ഷകരെ അഭിമുഖത്തിലൂടെ നിയമനത്തിനായി തെരഞ്ഞെടുക്കുന്നതാണെന്നും ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.
ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ
തിരുവനന്തപുരം സർക്കാർ ആർട്സ് കോളജിൽ 2023-24 അധ്യയന വർഷം ബയോകെമിസ്ട്രി വിഷയത്തിന് നിലവിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. ഇന്റർവ്യൂ മെയ് 29ന് രാവിലെ 11ന് നടക്കും. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള, യു.ജി.സി നിഷ്കർഷിച്ച നിശ്ചിത യോഗ്യതയുള്ളവർക്ക് ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാം.
അതിഥി അധ്യാപക നിയമനം
മലപ്പുറം താനൂർ സി.എച്ച്.എം.കെ.എം. ഗവ ആർട്‌സ് ആൻഡ് സയൻസ് കോളജിൽ 2023-24 അധ്യയന വർഷത്തേക്ക് ഇലക്ട്രോണിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്‌കർഷിച്ച യോഗ്യതയുള്ളവരും കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ യോഗ്യതകൾ, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മേയ് 18 ന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് കോളജിൽ ഹാജരാകണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ പി.ജി (55 ശതമാനം) യോഗ്യതയുള്ളവരെ പരിഗണിക്കും. വിശദവിവരങ്ങൾക്ക്: gctanur.ac.in.
പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ രണ്ട് വർഷം കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ഡിഎൻഎ ബാർകോഡിംഗിനും തടി ഫോറൻസിക്‌സിനും വേണ്ടിയുള്ള ഒരു കേന്ദ്രം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഒരു പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 2023 മേയ് 23 ചൊവ്വാഴ്ച രാവിലെ 10 നു കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് (www.kfri.res.in) സന്ദർശിക്കുക.
പ്രോജക്ട് ഫെല്ലോ ഒഴിവുകൾ
തൃശ്ശൂർ പീച്ചിയിലെ സംസ്ഥാന വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോയുടെ രണ്ട് ഒഴിവുകളുണ്ട്.
യോഗ്യത: അഗ്രിക്കൾച്ചർ/ ഫോറസ്റ്ററി/ എൻവിറോൺമെന്റൽ സയൻസ്/എൻവയോൺമെന്റൽ ടെക്‌നോളജി എന്നിവയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. ഫീൽഡ് ഡാറ്റാ ശേഖരണത്തിലും ലാബ് വിശകലനത്തിലുമുള്ള ഗവേഷണം അഭികാമ്യ യോഗ്യതയാണ്. 2028 ഏപിൽ 18 വരെ കാലാവധിയുള്ള ഫെല്ലോഷിപ്പിൽ പ്രതിമാസം 22,000 രൂപ ലഭിക്കും. 2023 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃത വയസ് ഇളവുണ്ട്. ഉദ്യോഗാർഥികൾ മേയ് 22 രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവ്
നെടുങ്ങോലം താലൂക്ക് ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന വിമുക്തി ഡി-അഡിക്ഷൻ സെന്ററിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നതിനായി മെയ് 23ന് രാവിലെ 10.30ന് കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും.
അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള എം.എ/എം.എസ്.സി സൈക്കോളജി അല്ലെങ്കിൽ എം.എസ്.സി ക്ലിനിക്കൽ സൈക്കോളജി, ഗവ. അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നും ക്ലിനിക്കൽ സൈക്കോളജിയിൽ രണ്ട് വർഷത്തെ എം.ഫിൽ അല്ലെങ്കിൽ പി.എച്ച്.ഡി, റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ആർ.സി.ഐ) രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യതകൾ. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ഓരോ പകർപ്പുകളും സഹിതം നേരിട്ട് ഹാജരാകണം.
ക്ലർക്ക് – കം – ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
എസ്.എസ്.കെ തിരുവനന്തപുരം ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിൽ നിപുൺ ഭാരത് മിഷൻ 2022-23 ന്റെ ഭാഗമായി ക്ലർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം മേയ് 22 ന് വൈകീട്ട് അഞ്ചിനകം എസ്.എസ്.കെ ജില്ലാ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഒരു ഒഴിവാണുള്ളത്. ശമ്പളം 21175.
ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഡാറ്റാ പ്രിപ്പറേഷൻ, കംപ്യൂട്ടർ സോഫ്റ്റ് വെയർ എന്നിവയിൽ എൻ.സി.വി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡാറ്റാ എൻട്രിയിൽ ഗവൺമെന്റ് അംഗീകാരമുള്ള സർട്ടിഫിക്കറ്റ്, മണിക്കൂറിൽ 6000 കീ ഡിപ്രഷൻ സ്പീഡ് എന്നിവയാണ് യോഗ്യത. മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കണം. ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ ആറുമാസത്തിൽ കൂറയാത്ത പ്രവൃത്തിപരിചയം. B.Ed/DLEd യോഗ്യത എന്നിവ അഭിലഷണീയം. പ്രായപരിധി 36 (സംവരണ ഇളവ് ഒ.ബി.സി 3 വർഷം, എസ്.സി/എസ്.ടി – 5 വർഷം). അപേക്ഷ സമർപ്പിക്കേണ്ട സ്ഥലം: ജില്ലാ പ്രോജക്ട് കോർഡിനേറ്ററുടെ ഓഫീസ്, സമഗ്രശിക്ഷാ കേരളം, തിരുവനന്തപുരം, ഗവ.ഗേൾസ് എച്ച്.എസ്. ചാല, തിരുവനന്തപുരം, പിൻ – 695036. ഫോൺ: 0471-2455590, 2455591.
ആയുർവേദ നഴ്സ് നിയമനം
കേരള ഹെൽത്ത് റിസർച്ച് ആന്റ് വെൽഫയർ സൊസൈറ്റി കണ്ണൂർ റീജ്യൻ പരിയാരം ആയുർവ്വേദ ആശുപത്രി പേവാർഡിലേക്ക് ആയുർവ്വേദ നഴ്സ് തസ്തികയിൽ നിയമനം നടത്തുന്നതിലേക്കായി മേയ് 20 രാവിലെ 11 മണിക്ക് പരിയാരം ഗവ. ആയുർവ്വേദ ആശുപത്രിയിൽ അഭിമുഖം നടത്തുന്നു. ഉദ്യോഗാർത്ഥികൾ അന്നേ ദിവസം 10.30 – നു മുൻപായി യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.khrws.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
സ്റ്റാഫ് നഴ്സ് നിയമനം
വിളക്കുടി കുടുംബാരോഗ്യകേന്ദ്രത്തിൽ സ്റ്റാഫ് നഴ്സിനെ താൽക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മേയ് 20 രാവിലെ 11 മണിക്കു വിളക്കുടി കുടുംബാരോഗ്യകേന്ദ്രം കോൺഫറൻസ് ഹാളിൽ വാക്ക്-ഇൻ-ഇന്റർവ്യു നടത്തും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖകൾ സഹിതം ഇന്റർവ്യൂവിൽ പങ്കെടുക്കണം.