ഇന്നത്തെ കേരള വിദ്യാഭ്യാസ വാർത്തകൾ – 27/12/2022: കേരളത്തിലെ ഏറ്റവും പുതിയ വിദ്യാഭ്യാസ വാർത്തകൾ നിങ്ങൾക്ക് ഇവിടെ നിന്നും അറിയാം. ഏറ്റവും പുതിയ ഒഴിവുകൾ, കോഴ്സുകൾ, മറ്റ് വിശദാംശങ്ങൾ എല്ലാം അറിയാം. നിങ്ങൾ ആഗ്രഹിക്കുന്ന ഒരു കോഴ്സിൽ ചേരാൻ ഇത് സഹായിക്കും. നിങ്ങളുടെ പ്രിയ്യപ്പെട്ടവരിലേക്കും ഇത്തരം വാർത്തകൾ ഷെയർ ചെയ്യുക.
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡിഷണല്‍ സ്കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം ( അസാപ്) കേരള നടത്തുന്ന കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്സിന്റെ അടുത്ത ബാച്ചുകളിലേക്കുള്ള അഡ്മിഷന് ആരംഭിച്ചു. ഈ കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്ത്യയില്‍ എവിടെയും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് /സോഫ്റ്റ്സ്കില്‍ പരിശീലകരാവാനുള്ള അവസരം ലഭിക്കും. ബിരുദവും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമാണ് യോഗ്യത. കഴക്കൂട്ടം കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ വെച്ചാണ് കോഴ്സ് നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപെടുക : 9495999646 , 9495999720
കിർടാഡ്സിൽ ഇന്റേൺഷിപ്പ്
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർടാഡ്സ് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിംഗ് ആൻഡ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്സ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്സ്) വകുപ്പിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി പട്ടികവിഭാഗ ജനതയുടെ ഉന്നമനത്തിലും അവർക്കിടയിൽ പ്രവർത്തിക്കുവാനും താല്പര്യമുള്ള ഗവേഷണാർഥികൾക്ക് ഇന്റേൺഷിപ്പ് ചെയ്യുന്നതിനു താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 10 ഒഴിവുകളാണുള്ളത്. നരവംശശാസ്ത്രം/ സോഷ്യോളജി/ സോഷ്യൽ വർക്ക്/ സ്റ്റാറ്റിസ്റ്റിക്സ്/ ഭാഷാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രതിമാസം 3,500 രൂപ യാത്രാ ചെലവ് ലഭിക്കും. മൂന്നു മാസമാണു കാലാവധി. പ്രായപരിധി 2022 ജനുവരി ഒന്നിന് 25 വയസിൽ കൂടാൻ പാടില്ല. പട്ടികജാതി പട്ടികവർഗ സമുദായങ്ങളിൽപ്പെട്ടവർക്ക് മുൻഗണന ലഭിക്കുന്നതാണ്.
ഉദ്യോഗാർഥികൾ വകുപ്പിന്റെ വെബ്സൈറ്റ് ആയ kirtads.kerala.gov.in ലെ ഗൂഗിൾ ഫോം മുഖേന ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം. ജനുവരി നാലിന് വൈകുന്നേരം അഞ്ച് മണിവരെ അപേക്ഷ സ്വീകരിക്കും. അപേക്ഷകൾ പരിഗണിച്ചു നിശ്ചിത യോഗ്യതയുള്ളവരെ ഇന്റർവ്യൂ മുഖേന തെരഞ്ഞെടുക്കും. ഇന്റർവ്യൂ തീയതി ഫോൺ മുഖേനയോ ഇ-മെയിൽ സന്ദേശം വഴിയോ അറിയിക്കും. തപാൽ അറിയിപ്പ് ഉണ്ടായിരിക്കുന്നതല്ലെന്ന് ഡയറക്ടർ അറിയിച്ചു.
എൽ.എൽ.ബി. അഡ്മിഷൻ
കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ 2022-23 അധ്യയന വർഷത്തിൽ ത്രിവൽസര, പഞ്ചവൽസര എൽ.എൽ.ബി കോഴ്സിലേക്കുള്ള അഡ്മിഷൻ നടത്തുന്നതിന് എൻട്രൻസ് കമ്മീഷണർ നൽകിയ അവസാന തീയതിയായ ഡിസംബർ 27 നു ശേഷം ഉണ്ടായേക്കാവുന്ന ഒഴിവുകളിൽ പരിഗണിക്കപ്പെടാൻ താൽപ്പര്യമുള്ള സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾ അനുബധ രേഖകൾ സഹിതം കോളേജ് ഓഫീസിൽ ഡിസംബർ 28 ന് വൈകിട്ട് നാലിന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഫോർ മൈനോരിറ്റീസ്
കേന്ദ്ര സർക്കാർ ന്യൂനപക്ഷ വിദ്യാർഥികൾക്കായി നടപ്പിലാക്കി വരുന്ന പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഫോർ മൈനോരിറ്റീസിന്റെ ഓൺലൈൻ അപേക്ഷകൾ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികളുടെ അപേക്ഷകളിലെ തെറ്റുകൾ തിരുത്തുന്നതിനും ഇൻസ്റ്റിറ്റ്യൂട്ട് തല ഓൺലൈൻ വെരിഫിക്കേഷൻ ചെയ്യുന്നതിനും ഡിസംബർ 31 വരെ സമയ പരിധി അനുവദിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് തലത്തിൽ എല്ലാ അപേക്ഷകളും വെരിഫൈ ചെയ്യുന്നതിന് സ്ഥാപന മേധാവികൾ പ്രത്യേകം ശ്രദ്ധിക്കണം. ഫോൺ: 0471 2306580, 9446096580.
പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ തീയതി നീട്ടി
കേന്ദ്ര സർക്കാർ ഭിന്നശേഷി വിദ്യാർഥികൾക്കായി നടപ്പിലാക്കിവരുന്ന പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് 2022-23 അധ്യയന വർഷത്തിൽ വിദ്യാർഥികളിൽ നിന്നും ഓൺലൈനായി ഫ്രഷ്/റിന്യൂവൽ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള തീയതി ഡിസംബർ 31 വരെ നീട്ടി. സ്കോളർഷിപ്പിന്റെ പുതുക്കിയ ടൈം ലൈൻ പ്രകാരം വിദ്യാർഥികളുടെ ഓൺലൈൻ അപേക്ഷകളിലെ തെറ്റുകൾ തിരുത്തുന്നതിനും ഇൻസ്റ്റിറ്റ്യൂട്ട് തല ഓൺലൈൻ വെരിഫിക്കേഷൻ ചെയ്യുന്നതിനും ജനുവരി 15 തീയതി വരെ സമയപരിധി അനുവദിച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്ക്: 0471-2306580, 9446096580. ഇ-മെയിൽ: postmatricscholarship@gmail.com.
ഇന്റേൺഷിപ്പ്
കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത പദ്ധതിയായ അമൃത് മിഷനിലേയ്ക്ക് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു. വിശദ വിവരങ്ങൾക്ക് https://amrutkerala.org സന്ദർശിക്കുക. ഫോൺ: 0471-2320530.